Sunday, January 10, 2016

ജനുവരി 12 ദേശീയ യുവജന ദിനം

ജനുവരി 12  ദേശീയ യുവജന ദിനം 


സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം ആഘോഷിയ്ക്കുന്നു. ഭാരതീയ യുവത്വത്തിനു ഇതിനേക്കാള്‍ വലിയൊരു പ്രതിനിധിയെ ചൂണ്ടിക്കാനിക്കാനില്ല. അദ്ദേഹത്തിന്റെ 150 ആം ജന്മ വാര്‍ഷികം 2013 ജനുവരി 12നായിരുന്നു.
ആധുനിക ഭാരതത്തിന്‍റെ മനസ്സിനെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രചോദകന്‍ ആര് എന്ന ചോദ്യത്തിന് രണ്ടാമതൊരു ഉത്തരം ഉണ്ടാവാനിടയില്ല. ഒരു ഇടിമിന്നല്‍ പോലെ ഭാരതത്തിന്റെ നഭോ മണ്ഡലത്തില്‍ ഉദയം ചെയ്ത്‌, ലോകത്തിനാകെ വെളിച്ചം വിതറിയിട്ട് നാല്പതു വയസ്സ് പോലും തികക്കാതെ ആ പ്രഭാ പൂരം കടന്നുപോയി. തനിക്കു ശേഷം കടന്നു വരാനിരിക്കുന്ന അനേകം തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്നു നല്‍കിയിട്ടാണ് അദ്ദേഹം മടങ്ങിയത്. ആയിരത്തോളം വര്‍ഷങ്ങള്‍ നീണ്ടു നിന്ന വൈദേശിക അടിമത്തത്തിനെതിരെയുള്ള ഒരന്തിമ സമരത്തിനു ഭാരതം സജ്ജമായിക്കൊണ്ടിരുന്ന സമയത്തായിരുന്നു നമുക്കിടയിലെ അദ്ദേഹത്തിന്റെ ജീവിതം. അനാചാരങ്ങളിലും, അന്ധവിശ്വാസങ്ങളിലും, കൊടിയ ദാരിദ്രിയത്തിലും, രോഗങ്ങളിലും ആണ്ടു കിടന്നിരുന്ന ഒരു ജനത. ആത്മനിന്ദയും, ദൌര്‍ബല്യവും രക്തത്തില്‍പോലും പടര്‍ന്നു കഴിഞ്ഞ ഒരു വലിയ ജനക്കൂട്ടം. ലക്ഷ്യബോധം നഷ്ട്ടപ്പെട്ട്, വൈദേശികമായതെന്തും മഹത്തരമെന്നു കരുതി അനൈക്യത്തില്‍ മുഴുകി കഴിഞ്ഞിരുന്ന നേതൃത്വ രഹിതരായ ഒരു മഹാ ജനതതി. എല്ലാം വിധിയെന്ന് പഴിച്ച് നാള്‍ കഴിച്ചുകൊണ്ടിരുന്ന അവരുടെ ആ കാള രാത്രിയെ അവസാനിപ്പിച്ചുകൊണ്ടാണ് ഭാരതത്തിന്റെ കിഴക്ക് ദിക്കില്‍ സ്വാമി വിവേകാനന്ദന്‍ എന്ന സൂര്യന്‍ ഉദിച്ചുയര്‍ന്നത്‌. അതുയര്‍ത്തി വിട്ട മഴ മേഘങ്ങള്‍ ഭാരതത്തിന്റെ ഊഷര ഭൂമികളില്‍ ആത്മജ്ഞാനത്തിന്റെ തെളിനീരായി പെയ്തിറങ്ങി. ആ ദിവ്യോദയം ഭാരതത്തില്‍ അങ്ങോളമിങ്ങോളം അനേകായിരം ഹൃദയ താമരകളെ വിരിയിച്ചു. വെറും ചേര്‍ക്കളമെന്നു ലോകം പുച്ചിച്ചു തള്ളിയ ഭാരതഭൂമി പൊടുന്നനവേ ഒരു മലര്‍വാടിയായി മാറി. ജീവോര്‍ജം കിട്ടാതെ നശിച്ചുപോകുമായിരുന്ന, മണ്ണിനടിയില്‍ അറിയപ്പെടാതെ മറഞ്ഞു കിടന്നിരുന്ന അനേകായിരം വിത്തുകള്‍ പൊട്ടി മുളച്ചു വളര്‍ന്നു വന്‍ ഫലവൃക്ഷങ്ങളായി മാറി. അദ്ദേഹം തന്നെ അവതാര പുരുഷന്മാരെപ്പറ്റി ഒരിക്കല്‍ പറഞ്ഞമാതിരി, ആദ്ധ്യാത്മികതയുടെ ഒരു വന്‍ തിരമാല - ഒരു സുനാമി - കരയിലേക്ക് അടിച്ചുകയറി കുളങ്ങളെയും, കിണറുകളെയും, ഉണങ്ങികിടന്നിരുന്ന മറ്റെല്ലാ ജലാശയങ്ങളെയും തട്ടൊപ്പം നിറച്ചു. ഭാരതത്തിന്റെ അന്നത്തെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളെപ്പറ്റി പഠിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു വസ്തുത അവരില്‍ ഒട്ടുമിക്ക പേരുടെയും പ്രചോദനകേന്ദ്രം സ്വാമി വിവേകാനന്ദനായിരുന്നു എന്നതാണ്. സുഭാഷ് ചന്ദ്ര ബോസും, ഗാന്ധിജിയും മുതല്‍ ഡോ ഹെട്ഗേവാരും , അരവിന്ദ ഘോഷും വരെ. സ്വാമി രാമതീര്ഥന്‍ മുതല്‍ സ്വാമി ചിന്മയാനന്ദന്‍ വരെ. ഡോ സി വി രാമന്‍ മുതല്‍ ജംഷദ്ജി ടാറ്റ വരെ. ആ അതുല്യ പ്രചോദന പ്രവാഹം, അനേകായിരം ഹൃദയങ്ങളെ സ്പര്‍ശിച്ചു കൊണ്ട് ഇന്നും ഒഴുകിക്കൊണ്ടെയിരിക്കുന്നു.


No comments:

Post a Comment