ഡിസംബര്‍ 11: യുണിസെഫ് സ്ഥാപക ദിനം
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മറ്റ് അശരണര്‍ക്കുമായി ലോകമെങ്ങും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യുണിസെഫ് (UNICEF).രണ്ടാം ലോക മഹായുദ്ധത്തിന്‍റെ കെടുതികള്‍ അനുഭവിച്ച രാജ്യത്തിലെ കുട്ടികള്‍ക്ക് ഭക്ഷണവും, അടിസ്ഥാന സൗകര്യങ്ങളും നല്‍കുകയെന്ന ലക്ഷ്യത്തോടെ 1946 ഡിസംബര്‍ 11നാണ് യുണൈറ്റഡ് നാഷന്‍സ് ജനറല്‍ അസംബ്ലിക്കു കീഴില്‍ യുണൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്(UNICEF) നിലവില്‍ വരുന്നത്.
നൂറ്റിതൊണ്ണൂറിലേറെ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് യുണിസെഫിന്‍റെ പ്രവര്‍ത്തന മേഖല. ഇരുനൂറിലധികം രാജ്യങ്ങളില്‍ ഓഫീസുകളുള്ള യുണിസെഫിന്‍റെ എല്ലാ ഓഫീസ് പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നത് ന്യൂയോര്‍ക്കിലെ കേന്ദ്ര ഓഫീസാണ്. ദരിദ്ര രാജ്യങ്ങളില്‍ ഉള്‍പ്പെടെ വാക്സിനുകള്‍, മരുന്നുകള്‍, പോഷകാഹാരങ്ങള്‍, വിദ്യാഭ്യാസ സഹായങ്ങള്‍ എന്നിവ യുണിസെഫ് വിതരണം ചെയ്യുന്നുണ്ട്.
കേരളത്തില്‍ ഉള്‍പ്പെടെ യുണിസെഫ് കുട്ടികളുടെയും, യുവാക്കളുടെയും അവകാശ സംരക്ഷണത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. കേരളത്തില്‍ ബാലവിവാഹങ്ങള്‍ കൂടിവരുന്നതായി പഠനത്തില്‍ യുണിസെഫ് കണ്ടെത്തിയിരുന്നു. ശുദ്ധജലം ഉറപ്പ് വരുത്താനുള്ള പദ്ധതിയും യുണിസെഫുമായി ചേര്‍ന്ന് സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. ഏതൊരു സാഹചര്യത്തിലും കുട്ടികള്‍ക്ക് വിദ്യാഭ്യാസം എന്നതാണ് യുണിസെഫ് ലക്ഷ്യം.
സ്വകാര്യ മേഖലയില്‍ നിന്നാണ് സംഘടനയുടെ ഫണ്ട് ശേഖരണം പ്രധാനമായും നടക്കുന്നത്. 36 അംഗ എക്സിക്യുട്ടിവ് ബോര്‍ഡും യുണിസെഫിനുണ്ട്. കുട്ടികളുടെ ജീവിതം ദുഷ്കരമാക്കുന്ന രോഗങ്ങള്‍ക്കും, പട്ടിണിക്കുമെതിരെ അവിശ്രമം പ്രവര്‍ത്തിക്കുകയാണ് സംഘടന.മഹത്തായ ലക്ഷ്യത്തോടെ രൂപീകൃതമായി 68 വര്‍ഷം പിന്നിടുമ്പോള്‍ കൂടുതല്‍ മേഖലകളിലേക്ക് കടന്ന് സേവന വഴിയില്‍ നീങ്ങുകയാണ് യുണിസെഫ്.
No comments:
Post a Comment