Monday, November 23, 2015

നവംബര്‍ 14- ശിശുദിനം

ഇന്ന് ശിശുദിനം. 


പ്രകാശം തുളുമ്പുന്ന മിഴികളും പുഞ്ചിരി ചിതറുന്ന ചുണ്ടുകളുമായി മാനവികതയുടെ വിശാലതയിലേക്ക് തുടിച്ചുയരുന്ന കുട്ടികളെ ലക്ഷ്യംവച്ച് ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ട ദിനം. പക്ഷേ, അമ്മമാരുടെ നെഞ്ച് കലങ്ങുന്ന ക്രൂരതകളുടെ വാര്‍ത്തകള്‍ മുഖരിതമായ ഒരന്തരീക്ഷത്തിലാണ് ഇത്തവണ നെഹ്റുവിന്റെ സ്മരണ പുതുക്കുന്നത്. കുട്ടികളോടുള്ള സ്നേഹവാത്സല്യങ്ങളുടെ ആധിക്യംകൊണ്ട് മരിക്കുന്നതിനമുമ്പേ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കാന്‍ തുടങ്ങിയിരുന്നു. ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ ഭദ്രത കുട്ടികളുടെ കൈകളിലാണെന്ന തിരിച്ചറിവുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ അവരുടെ ചാച്ചാജിയായി മാറാന്‍കഴിഞ്ഞു. പുള്ളിക്കുത്തുകള്‍ പതിഞ്ഞ ഗ്രാമങ്ങളിലും വിയര്‍ത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്കിടയിലും ഇന്ത്യയെ കണ്ടെത്താനുള്ള കരുത്ത് കുട്ടികള്‍ക്കുണ്ടാകണമെന്ന് നമ്മുടെ പൂര്‍വികര്‍ ആഗ്രഹിച്ചിരുന്നു. അനുനിമിഷം വികസിക്കുന്ന അറിവിന്റെ ലോകത്തേക്ക് കുട്ടികള്‍ക്ക് നീന്തിത്തുടിക്കാനാകണം. കാറ്റില്‍ കെടാത്ത കൈത്തിരിയുമായി യുക്തിബോധത്തിന്റെയും ശാസ്ത്രീയചിന്തയുടെയും മലകള്‍ ചവിട്ടിക്കയറാന്‍ സാധിക്കണം. തമസ്സിലേക്കല്ല ജ്യോതിസ്സിലേക്കാണ് നമുക്കെല്ലാം പ്രയാണം തുടരാനുള്ളത്. ടെക്നോളജി ഗ്രാഫിക്സിലെ ഉയര്‍ച്ചയിലല്ല മണ്ണിന്‍വിശുദ്ധിയുടെയും മാനവീയതയുടെയും തിരിച്ചറിവിലാണ് വളരുന്ന തലമുറയുടെ നിലവാരം അളന്നെടുക്കേണ്ടത്.

No comments:

Post a Comment