Thursday, June 25, 2015

ജൂണ്‍ 21 : ദേശീയ യോഗദിനം

യോഗ - മനസ്സിനും ശരീരത്തിനും


ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ് യോഗ. ആയുര്‍വേദം കഴിഞ്ഞാല്‍ ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയാണിത്. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊടു കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹര്‍ഷിയാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്.യോഗ എന്ന വാക്കിന്റെ അര്‍ത്ഥം ചേര്‍ച്ച എന്നാണ്.

തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനിക കാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. ഈ പശ്ചാത്തലത്തില്‍, ആധുനിക ചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങള്‍ ഒരു വശത്തു നടക്കുമ്പോള്‍ തന്നെ, സര്‍വ്വ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയെന്ന നിലയില്‍ യോഗയെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ വേറൊരു ഭാഗത്ത് ഊര്‍ജ്ജിതമാണ്.
ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ ദീര്‍ഘകാലത്തെ ധ്യാനമനനാദികളാല്‍ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകള്‍ക്കു പകര്‍ന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാര്‍ജ്ജിച്ചതുമായ ഒരു ചികിത്സാമാര്‍ഗ്ഗമാണിത്.
പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആര്‍ക്കും യോഗ അഭ്യസിക്കാം. പക്ഷേ ഋതുവായിരിക്കുന്ന അവസരങ്ങളിലും ഗര്‍ഭാവസ്ഥയിലും സ്ത്രീകള്‍ യോഗാഭ്യാസം ചെയ്യാന്‍ പാടില്ല.


ജൂണ്‍ 21 ദേശീയ യോഗാദിനാചരണത്തോടനുബന്ധിച്ചു  യോഗാമാസ്റ്റർ  ശ്രീ  അനിൽകുമാർ "ആരോഗ്യ ജീവിതത്തിനു യോഗ" എന്ന വിഷയത്തിൽ  പ്രഭാഷണം നടത്തി.തുടർന്ന്  യോഗാഭ്യാസവും  മുൻ  വർഷങ്ങളിൽ യോഗ പരിശീലനം  കിട്ടിയ കുട്ടികളുടെ  യോഗ മുറകളുടെ  പ്രദർശനവും   ഉണ്ടായിരുന്നു.

No comments:

Post a Comment