ജൂൺ 21 : ലോക സംഗീത ദിനം
ജൂണ്‍ 21- ലോകസംഗീതദിനം. 1976-ല്‍ അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തില്‍ എവിടെയും ആര്‍ക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയല്‍ കോയന്റെ ഈ ആശയം അമേരിക്കയില്‍ യാഥാര്‍ത്ഥ്യമായില്ല. എന്നാല്‍ ആറുവര്‍ഷങ്ങള്‍ക്കു ശേഷം ഫ്രാന്‍സില്‍ ഈ ആശയം നടപ്പാക്കി. അങ്ങനെ 1982 മുതല്‍ ഫെത് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി. ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങള്‍ അവരുടേതായ രീതിയില്‍ സംഗീതദിനം ആഘോഷിക്കുന്നു.
ജപകോടി ഗുണം ധ്യാനം,ധ്യാന കോടി ഗുണോ ലയ
ലയകോടി ഗുണം ഗാനം ,ഗാനാത്പരതരം നഹി.
ലയകോടി ഗുണം ഗാനം ,ഗാനാത്പരതരം നഹി.
ഒരു കോടി പ്രാവശ്യം ജപിക്കുന്നതിന് തുല്യമാണ് ഒരു തവണ ധ്യാന നിമഗ്നമാകുന്നത്, ഒരു കോടീപ്രാവശ്യം ധ്യാനിക്കുന്നതിനു തുല്യമാണ് ലയിക്കുന്നത് ഒരു .കോടി പ്രാവശ്യം ലയം പ്രാപിക്കുന്നതിന് തുല്യമാണ് ഒരു തവണ ഗാനം ആലപിക്കുന്നത് (അല്ലെങ്കിൽ ഗാനത്തിൽ മുഴുകി ഇരിക്കുന്നത്) അതിനാൽ ഗാനത്തെക്കാൾ ശ്രേഷ്ടമായി മറ്റൊന്നുമില്ല . സംഗീതത്തിന്റെ മഹത്വത്തെ കുറിച്ച് പ്രകീര്‍ത്തിക്കുന്ന ഈ വരികളിലൂടെ നമുക്ക് മനസ്സിലാക്കാം സംഗീതത്തിനപ്പുറം മറ്റൊന്നുമില്ല . ദേശ ഭാഷ ജാതി മത വര്‍ണ്ണ ലിംഗ ഭേദമെന്യേ സംഗീതം ഏവരുടെയും മനസ്സില്‍ ആനന്ദം ഉണ്ടാക്കുന്നു .
സംഗീതം എന്ന വാക്കിനർത്ഥം സമ്യമാകുന്ന ഗീതം എന്നാണ് . ഈശ്വരന്‍റെ വരദാനമാണ് സംഗീതം എന്നും അത് വേദനയെ പോലും വേദാന്തമാക്കുന്ന ഒന്നാണെന്നും എഴുതിയ യൂസഫലി കേച്ചേരിയുടെ വാക്കുകള്‍ എത്ര അര്‍ത്ഥസമ്പൂര്‍ണ്ണമാണ് .ശ്രോതാക്കളില്‍ സന്തോഷവും സങ്കടവും ഉണ്ടാക്കാനും മനസ്സിനു ശാന്തിയും സമാധാനവും നല്‍കാനും, ഉറങ്ങികിടക്കുന്ന പ്രണയത്തെ ഉണര്ത്താനും , പിരിമുറുക്കങ്ങള്‍ അകറ്റാനും ശക്തിയുള്ള ഒന്നാണ് സംഗീതം ..മഴ പെയ്യിക്കാനും രോഗം അകറ്റാനും വരെ സംഗീതത്തിനു കഴിവുണ്ട് .
ഇന്ന് ലോകമെമ്പാടും സംഗീത പ്രേമികള്‍ സംഗീതദിനം കൊണ്ടാടുമ്പോള്‍ നമ്മളോര്‍ക്കേണ്ടത് ത്യാഗരാജസ്വാമികള്‍ 'ധന്യാസി'യില്‍ ചിട്ടപ്പെടുത്തിയ ഈ തെലുങ്കു കൃതിയാണ്.
"സംഗീത ജ്ഞാനമു ഭക്തി വിനാ"
മനസ്സറിഞ്ഞു ഭക്തിയോടെ ആരാധിക്കുമ്പോഴാണ് സംഗീതത്തെക്കുറിച്ചുള്ള അറിവ് പൂര്‍ണതയിലെത്തുന്നത് . .ഭക്തിയും സംഗീതവും ഒന്നിച്ചു ചേരുന്ന അനുഭൂതി. അത് നമ്മെ വേറൊരു ലോകത്തെത്തിക്കും- അവാച്യമായ ഒരു സംഗീതലോകത്ത്. അര്‍പണബോധത്തോടെ അര്‍ഥം ഉള്‍ക്കൊണ്ട് പാടുമ്പോഴാണ് സംഗീതം പൂര്‍ണമാകുന്നത്.
സംഗീതം നല്‍കുന്ന ആനന്ദം മറ്റൊന്നിനും നല്‍കാനാവില്ല . ഒരു പുസ്തകം വായിക്കുമ്പോഴോ സിനിമ കാണുമ്പോഴോ ഉണ്ടാകുന്ന സുഖമല്ല, സംഗീതത്തിലൂടെ നമുക്ക് കിട്ടുന്നത്. പറഞ്ഞറിയിക്കാനാവാത്ത ഈ സുഖം ആസ്വാദകര്‍ക്കും ആലപിക്കുന്നവര്‍ക്കും അനുഭവിക്കാനാവും .
ലോക സംഗീതത്തില്‍ ഭാരതീയ സംഗീതത്തിനു വളരെ മഹത്തായ സ്ഥാനമാണ് ഉള്ളത് .ലോകത്തിന്റെ നിറുകയില്‍ സംഗീതത്തിന്റെ മന്ത്രസ്ഥായിയായി നിലകൊള്ളുന്ന രണ്ട് സംഗീത ശാഖകളാണ് കർണ്ണാടക സംഗീതവും,ഹിന്ദുസ്ഥാനി സംഗീതവും.
ഹിന്ദുമതം സംഗീതത്തിന് കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നു. ശിവൻ നാദാത്മകനും,ശക്തി നാദസ്വരൂപിനിയുമാണു. ദേവതകളെല്ലാം സംഗീത ഉപകരണങ്ങൾ വായിച്ചിരുന്നതായി നാം സങ്കൽപ്പിക്കുന്നു. ശ്രീ കൃഷ്ണഭഗവാനും വേണുഗാന വിശാരദനായിരുന്നു
ഈ ദിനത്തില്‍ സംഗീതമാകുന്ന സാഗരത്തില്‍ നീന്തി തുടിച്ച് ഉയരങ്ങള്‍ താണ്ടിയ മഹാ പ്രതിഭകളെ നമുക്ക് ഓര്‍ക്കാം അവര്‍ക്ക് പ്രണാമം അര്‍പ്പിക്കുകയും ചെയ്യാം ..
No comments:
Post a Comment