Thursday, October 16, 2014

വയലാർ അവാർഡ്

വയലാര്‍ സാഹിത്യ പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്

 തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ.ആര്‍. മീരയുടെ 'ആരാച്ചാര്‍' നോവലിന്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റാണ് മലയാളത്തിലെ പ്രമുഖ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ വയലാര്‍ അവാര്‍ഡ് നല്‍കുന്നത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം വയലാര്‍ രാമവര്‍മ്മയുടെ ചരമദിനത്തില്‍ സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. എം.കെ. സാനു പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിച്ച നോവലാണ് 'ആരാച്ചാര്‍'. പരമ്പരാഗത നോവല്‍ സങ്കല്‍പങ്ങളില്‍നിന്ന് മാറിയുള്ള പരീക്ഷണം എന്ന നിലയില്‍ ഈ കൃതി ശ്രദ്ധേയമാണ്. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥ പറയുന്ന നോവലില്‍ ഭരണകൂടം എങ്ങനെ ഓരോരുത്തരേയും ഇരയാക്കുന്നു എന്ന് കാണിച്ചുതരുന്നു. മലയാളിയുടെ വായനാബോധത്തെ പിടിച്ചുണര്‍ത്താനും തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കൊണ്ടു പോകാനും ആരാച്ചാരിലൂടെ മീരയ്ക്ക് സാധിച്ചെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു. 2013 ല്‍ ആരാച്ചാരിന് ഓടക്കുഴല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

മലയാളത്തില്‍ പുതിയ തലമുറയിലെ എഴുത്തുകാരില്‍ പ്രമുഖയാണ് കെ.ആര്‍. മീര. 'ആവേ മരിയ' എന്ന കഥാസമാഹാരം 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ആവേ മരിയ, ഗില്ലറ്റിന്‍ (ചെറുകഥാ സമാഹാരങ്ങള്‍) നേത്രോന്മീലനം, ആ മരത്തെയും മറന്നു മറന്നു ഞാന്‍, യൂദാസിന്റെ സുവിശേഷം, മീരാസാധു (നോവലുകള്‍), മാലാഖയുടെ മറുകുകള്‍ (നോവലെറ്റ്), മഴയില്‍ പറക്കുന്ന പക്ഷികള്‍ (ലേഖനം/ഓര്‍മ്മ) എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.

യെല്ലോ ഈസ് ദ കളര്‍ ഓഫ് ലോങ്ങിങ് എന്ന പേരില്‍ കഥകളുടെ സമാഹാരവും ഹാങ് വുമണ്‍ എന്ന പേരില്‍ ആരാച്ചാര്‍ നോവലും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദേശീയ അവാര്‍ഡ് നേടിയ 'ഒരേ കടല്‍' എന്ന ചലച്ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായിരുന്ന മീര നിരവധി സീരിയലുകള്‍ക്കും തിരക്കഥ എഴുതിയിട്ടുണ്ട്.

ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് ശ്രുതി എം.എസ്സിന് നല്‍കും. പുരസ്‌കാരവും സ്‌കോളര്‍ഷിപ്പും 27 ന് വൈകീട്ട് 5.30ന് എ.കെ.ജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. പത്രസമ്മേളനത്തില്‍ ജഡ്ജിങ് കമ്മിറ്റി അംഗം പ്രഭാവര്‍മ്മ, ട്രസ്റ്റ് സെക്രട്ടറി ത്രിവിക്രമന്‍, ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. എ.എം. ശ്രീധരന്‍, ഡോ. അമൃത എന്നിവരും പങ്കെടുത്തു.

No comments:

Post a Comment