Sunday, June 28, 2015

ജൂണ്‍ 20

ജൂണ്‍  20 :  അഭയാർഥി  ദിനം 

                                        വീടും നാടും  നഷ്ടപ്പെട്ടു തല ചായ്ക്കാൻ  ഇടമില്ലത്തവരെയാണ്
അഭയാർഥി കൾ   എന്ന് വിളിക്കുന്നത് .എല്ലാ വർഷവും   ജൂണ്‍ 20  അഭയാർഥികളോട്   അനുഭാവം പ്രകടിപ്പിക്കാനുള്ള ദിവസമായി ആചരിക്കുന്നു.


കഴിഞ്ഞ നവംബറിലാണ് ലോകത്തെയാകെ അമ്പരപ്പിച്ച ഒരു പ്രഖ്യാപനം മാല്‍ഡിവസ് പ്രസിഡന്റ് മൊഹമ്മദ് നഷാദ് നടത്തിയത്. ആഗോളതാപനത്തിന്റെ ഫലമായി മാല്‍ഡിവസ് ദ്വീപുകള്‍ സമുദ്രത്തില്‍ മുങ്ങിത്തുടങ്ങിയതിനാല്‍, രാജ്യത്തെ മൂന്നുലക്ഷം ജനങ്ങള്‍ക്കായി പുതിയ സ്ഥലം കണ്ടെത്താന്‍ പോകുന്നു എന്നായിരുന്നു ആ പ്രഖ്യാപനം. ലോകചരിത്രത്തില്‍ ആദ്യമായാകാം ഇത്തരമൊരു പ്രഖ്യാപനം എന്നതുകൊണ്ട് മാത്രമല്ല അത് അമ്പരപ്പ് സൃഷ്ടിച്ചത്. കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി ഭാവിയില്‍ നേരിടേണ്ടിവരുമെന്ന് ഭയപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ സംഭവിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു മാല്‍ഡിവസിന്റെ പ്രഖ്യാപനം. 

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 1200 ദ്വീപുകളുടെ ശൃംഗലയായ മാല്‍ഡിവസിലെ പല ദ്വീപുകളും ഇപ്പോള്‍ തന്നെ മനുഷ്യവാസയോഗ്യം അല്ലാതായിക്കഴിഞ്ഞു. ഉയരുന്ന കടല്‍നിരപ്പ് മാല്‍ഡിവസുകാരെ ജന്മദേശം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു. മൂന്നുലക്ഷം പേര്‍ ഭൂമിയുടെ മറ്റൊരു ഭാഗത്തേക്ക് പറിച്ചുമാറ്റേണ്ട അവസ്ഥ. സ്വയം അഭയാര്‍ഥികളാകാന്‍ തയ്യാറെടുക്കുകയാണ് അവര്‍. മാല്‍ഡിവസ് നിവാസികള്‍ നേരിടുന്നത് ഒറ്റപ്പെട്ട പ്രശ്‌നമല്ല. ഉയരുന്ന സമുദ്രവിതാനം ഏതാണ്ട് 40 രാജ്യങ്ങളുടെ നിലനില്‍പ്പിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. അവയില്‍ മിക്കവയും മാല്‍ഡിവസ് പോലുള്ള ചെറുദ്വീപ് രാഷ്ട്രങ്ങളാണ്. ശാന്തസമുദ്രത്തിലും മറ്റും പല ചെറുദ്വീപുകളും വളരെ വേഗം ഉപ്പുവെള്ളം കയറി വാസയോഗ്യമല്ലാതായി മാറുകയാണ്. ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളുടെ തീരപ്രദേശം ആളുകള്‍ ഇപ്പോള്‍ തന്നെ ഉപേക്ഷിച്ച് തുടങ്ങിയിരിക്കുന്നു. പുതിയൊരു അഭയാര്‍ഥി പ്രവാഹം ആരംഭിച്ചിരിക്കുകയാണ്; കാലാവസ്ഥാമാറ്റം സൃഷ്ടിക്കുന്ന അഭയാര്‍ഥി പ്രവാഹം. 'ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍' അടുത്തയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്, കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി 2050 ആകുമ്പോഴേക്കും 20 കോടി അഭയാര്‍ഥികള്‍ ഭൂമുഖത്ത് ഉണ്ടാകും എന്നാണ്. സമുദ്രനിരപ്പ് ഉയരും എന്നത് മാത്രമല്ല കാലാവസ്ഥാമാറ്റം വഴി സംഭവിക്കുക. വരള്‍ച്ച, വെള്ളപ്പൊക്കം, ക്ഷാമം ഒക്കെ അനന്തരഫലങ്ങളാണ്. ഇതുവരെയുണ്ടാകാത്ത തരത്തിലാകും ഇതുവഴി അഭയാര്‍ഥികള്‍ സൃഷ്ടിക്കപ്പെടുകയെന്ന്, കൊളംബിയ സര്‍വകലാശാലയ്ക്ക് കീഴിലെ 'സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ എര്‍ത്ത് സയന്‍സ് ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്ക്' (ഇകഋടകച), 'കെയര്‍ ഇന്റര്‍നാഷണല്‍' എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ പഠനസര്‍വ്വെ മുന്നറിയിപ്പ് നല്‍കിയത് ഈ മാസം ആദ്യമാണ്. കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സമീപഭാവിയില്‍ തന്നെ രാഷ്ട്രീയ, സാമ്പത്തിക സംഘര്‍ഷങ്ങളുടെ അച്ചുതണ്ടാകാനും സാധ്യതയുണ്ടെന്ന് സര്‍വ്വെ തയ്യാറാക്കിയ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പരിസ്ഥിതി മാറ്റവും കുടിയേറ്റവും തമ്മില്‍ ബന്ധപ്പെടുത്തി ലോകത്താദ്യമായാണ് ഇത്തരമൊരു സര്‍വ്വെ നടക്കുന്നത്. പരിസ്ഥിതിവ്യൂഹങ്ങളെ ആശ്രയിച്ച് നിലനില്‍ക്കുന്ന സാമ്പത്തിക മേഖലകള്‍ തകര്‍ച്ച നേരിടും. ഉദാഹരണം കാലിമേയ്ക്കല്‍, മത്സ്യബന്ധനം, കൃഷി തുടങ്ങിയവ. ഇത്തരം തൊഴില്‍മേഖലകളില്‍ നിന്നാകും അഭയാര്‍ഥികളും കുടിയേറ്റക്കാരും ഏറെ സൃഷ്ടിക്കപ്പെടുക. ഉപ്പുവെള്ളം കയറിയും വെള്ളപ്പൊക്കവും മണ്ണൊലിപ്പും മൂലവും പ്രധാന നദീതട കാര്‍ഷിക മേഖലകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. മെക്കോങ്, ഗംഗ, നൈല്‍ തുടങ്ങിയ പ്രമുഖ നദീതടങ്ങളെയെല്ലാം കാലാവസ്ഥാമാറ്റം ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒപ്പം പര്‍വതശിഖരങ്ങളിലെ മഞ്ഞുരുക്കവും ലക്ഷങ്ങളെ അഭയാര്‍ഥികളാക്കും.കാലാവസ്ഥാമാറ്റം മൂലം പറിച്ചു മാറ്റപ്പെടുന്നവരില്‍ ഏറെയും സ്വന്തം രാജ്യത്ത് തന്നെ അഭയാര്‍ഥികളായി മാറുന്ന സ്ഥിതിയാകും ഭാവിയില്‍ ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിവലില്‍ 680 കോടി ജനങ്ങളാണ് ഭൂമുഖത്തുള്ളത്. 2050 ആകുമ്പോഴേക്കും ജനസംഖ്യ 900 കോടിയാകും. ജനസംഖ്യയിലെ വര്‍ധനയും കാലാവസ്ഥാമാറ്റം മൂലമുള്ള ദുരിതങ്ങളും കൂടിച്ചേരുമ്പോള്‍ പ്രശ്‌നം ഏറെ ഗുരുതരമാകും. 'യു.എന്‍. ഫ്രേംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്'എന്നറിയപ്പെടുന്ന സുപ്രധാന കാലാവസ്ഥാ സമ്മേളനം ഈ ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. കാലാവസ്ഥാമാറ്റം ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ണായക തീരുമാനങ്ങള്‍ ആ സമ്മേളനത്തില്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുക വഴി മാത്രമേ, ഭാവിയിലെ അഭയാര്‍ഥിപ്രവാഹം തടയാന്‍ കഴിയൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.-ജെ.എ

No comments:

Post a Comment