Thursday, June 25, 2015

വായനാദിനം




                     ഒരു ജനസമൂഹം അതിന്റെ സാംസ്‌കാരികമായ വളര്‍ച്ച തുടങ്ങുന്നത് വായനയിലൂടെയാണ്. വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി ഇന്ന് ഐ പാഡിലും സ്മാര്‍ട്ട് ഫോണുകളിലും എത്തിനില്‍ക്കുകയാണ്. വയനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിനായി കേരളാ സര്‍ക്കാര്‍ 1996 മുതല്‍ ജൂണ്‍ 19 വായനാദിനമായി ആചരിച്ചുവരുന്നു. മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനമിടുകയും ചെയ്ത പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്.
1909 മാര്‍ച്ച് ഒന്നിന് കോട്ടയം ജില്ലയില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായാണ് പുതുവായില്‍ നാരായണ പണിക്കര്‍ ജനിച്ചത്. കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറി പുസ്തകങ്ങള്‍ ശേഖരിച്ച് ജന്മനാട്ടില്‍ ‘സനാതനധര്‍മം’ വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്. 1945 സെപ്റ്റംബറില്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു. 1947ല്‍ ഗ്രന്ഥശാലാസംഘം രജിസ്റ്റര്‍ ചെയ്തു. 1949 ജൂലൈയില്‍ അതിന്റെ പേര് തിരുകൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958ല്‍ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി.
ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1970ല്‍ പാറശ്ശാല മുതല്‍ കാസര്‍കോഡ് വരെ പണിക്കരുടെ നേതൃത്വത്തില്‍ കാല്‍നടയായി നടത്തിയ സാംസ്‌കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ്. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്നായിരുന്നു ജാഥയുടെ മുദ്രാവാക്യം. 1995 ജൂണ്‍ 19ന് അദ്ദേഹം നിര്യാതനായി.

No comments:

Post a Comment