Sunday, June 28, 2015

ജൂണ്‍ 21-ലോക സംഗീത ദിനം

ജൂണ്‍ 21-ലോക സംഗീത ദിനം 


സമാധാനത്തിന്റെയും നന്മയുടെയും സന്ദേശം സംഗീതത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും ഒരു സംഗീതദിനം എത്തി. നല്ലതിനെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ മടിക്കാത്ത ഭാരതം വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റു വാങ്ങിയ സംസ്‌കാരങ്ങളില്‍ ഒന്നാണ് ലോക സംഗീത ദിനം.
1982ല്‍ ഫ്രാന്‍സാണ് ആദ്യമായി ജൂണ്‍ 21 സംഗീതത്തിന്റെ ദിവസമായി ആഘോഷിക്കാന്‍ തുടങ്ങിയത്. വൈകാതെ മറ്റു രാജ്യങ്ങളും ആ ദിനം ഏറ്റെടുത്തു. ഇന്ന് ഇന്ത്യ അടക്കമുള്ള 32ല്‍ അധികം രാജ്യങ്ങള്‍ ജൂണ്‍ 21 സംഗീതദിനമായി ആചരിക്കുന്നു.
സംഗീതജ്ഞര്‍ പൊതുസ്ഥലങ്ങളില്‍ ഒത്തുചേര്‍ന്ന് വിവിധ തരം സംഗീത പരിപാടികള്‍ ശ്രോതാക്കള്‍ക്കായി സൗജന്യമായി നടത്തിയാണ് ലോക സംഗീതദിനം ആഘോഷിക്കുന്നത്.


ജപകോടി ഗുണം ധ്യാനം,ധ്യാന കോടി ഗുണോ ലയ

ലയകോടി ഗുണം ഗാനം ,ഗാനാത്പരതരം നഹി.

നിർമ്മലമായ മനസുകൊണ്ട് ,കോടി പ്രാവശ്യം ജപിക്കുന്നതിന് തുല്യമാണ് ഒരു തവണ ധ്യാന നിമഗ്നമാകുന്നത്, കോടീപ്രാവശ്യം ധ്യാനിക്കുന്നതിനേക്കാൾ തുല്യമാണ് ഒരു തവണ ലയം പ്രാപിക്കുന്നത്.കോടി പ്രാവശ്യം  ലയം പ്രാപിക്കുന്നതിന് തുല്യമാണ് ഒരു തവണ ഗാനം ആലപിക്കുന്നത് (അല്ലെങ്കിൽ ഗാനത്തിൽ മുഴുകി ഇരിക്കുന്നത്) അതിനാൽ ഗാനത്തെക്കാൾ ശ്രേഷ്ടമായത് മറ്റൊന്നില്ല. മോക്ഷപ്രാപ്തിക്ക് സാധാരണക്കാർക്ക് ,എറ്റവും ലളിതമായ മാർഗ്ഗവും സംഗീതമാണ്.

ഭാഷ കൊണ്ടല്ലാ ഹൃദയം കൊണ്ട് ആസ്വദിക്കപ്പെടേണ്ടതാണ് സംഗീതം. അത് മനസ്സിനെ ആനന്ദത്തിലേക്ക് നയിക്കും
സംഗീതദിനം വന്ന വഴി
1979-ൽ അമേരിക്കൻ സംഗീജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീത ദിനം എന്ന ആശയം കൊണ്ട് വന്നത്.ഈ ദിനത്തിൽ ആർക്കും എവിടേയും ആടിപ്പാടാം എന്നും അദ്ദേഹം പ്രസ്താവിച്ചു.ജോയൽ കോയലിന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്ക് ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പിലായി .അങ്ങനെ 1982 മുതൽ            ‘ഫെത് ദല മ്യൂസിക്ക്‘ (fete da la musique) എന്നറിയപ്പെടുന്ന ലോക സംഗീത ദിനം ആചരിച്ചു തുടങ്ങി. ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതികളിൽ സംഗീത ദിനം ആഘോഷിക്കുന്നൂ..

                                                                                                         തനത് സംഗീതം
“ഇലത്താളം,ധിമില,മദ്ദളം ഇടയ്ക്കയും ചേർന്നുപാട്
കൊമ്പു കുറുകുഴൽ അൻപിനലകടൽ ഓം കാര പൊരുൾ പാട്
നിളയിൽ പൊന്നലകൾ പാട്,മുടിയഴിഞ്ഞും കാറ്റിലാടും
മുളം കാടുകൾ പാട്.... ഉണ്ണിക്കിടാങ്ങൾ പാട്.”
ബഹുമാന്യനായ ശ്രീ ഓ.എൻ.വി. കുറുപ്പ് എഴുതിയ ഈ കവിത വർഷങ്ങൾക്ക് മുൻപ് ഡൽഹി ആകശവാണി നിലയത്തിൽ സംഗീതം ചെയ്ത് 30 ഗായികാ,ഗായകന്മാരെ കൊണ്ട് ഞാൻ അവതരിപ്പിച്ചതു ഒരു കുളിരോടെ ഓർക്കുന്നു.അതു എയെറിൽ വന്നതു ഒരു ജൂൺ ഇരുപത്തി ഒന്നിനാണ്..കേരളമേ സ്വസ്തി.

വഞ്ചിപ്പാട്ട്,കൊയ്ത്പാട്ട്,മാപ്പിളപ്പാട്ട്,പുള്ളുവൻപാട്ട്,വടക്കൻ പാട്ട്,വേലൻ പാട്ട്, നന്തുണിപ്പാട്ട്,കളമെഴുത്ത് പാട്ട്, തെയ്യം,തിറ,പടയണി, കോൽക്കളി, കുംഭക്കളി, കുമ്മാട്ടിക്കളി, തുടങ്ങി ഒട്ടേറെ നൃത്ത ഗാന ശാഖകളുടെ നിറത്തിങ്കളാണ് നമ്മുടെ കൊച്ച് കേരളം. അവ    കേരളത്തിന്റെ നാടോടിസംഗീതസംസ്കാരത്തെ മികവുറ്റതാക്കുന്നു.വരികളിലെ താളം കൊണ്ടും,ഇമ്പമാർന്ന ആലാപന ശൈലികൊണ്ടും ഇവയെല്ലം തന്നെ മലയാളികൾക്കും, വിദേശികൾക്കും എറെ പ്രീയപ്പെട്ടതുമാണ്.ഓട്ടം തുള്ളൽ, തിരുവാതിര, ഒപ്പന, മോഹിനിയാട്ടം, കഥകളി, സോപാന സംഗീതം തുടങ്ങി ഒട്ടേറെ സംഭാവനകൾ സംഗീത ലോകത്തിന് നമ്മുടെ പൂർവ്വികർ നൽകിയിട്ടുണ്ട്.മാറല പിടിച്ച് കിടന്നിരുന്ന അത്തരം സംഗീതത്തിന് ഇപ്പോൾ പുതു വെളിച്ചം കാട്ടിക്കൊണ്ട് വീണ്ടും പിറവി എടുക്കുന്നത് ഒരു ഉൾക്കുളിരോടെ തന്നെ നമ്മൾ നോക്കി കാണുന്നു.


ബിഹു
ആസാമിലെ ഉത്സവമാണ് ബിഹു.പുതു വത്സര ദിനമായി ആഘോഷിക്കുന്ന ബിഹു കൃഷിക്ക് തുടക്കമിടുന്ന അവസരത്തിൽ അവശ്യമായി തീർന്നിരിക്കുന്നു.ബിഹുവിനോടനുബന്ധിച്ച് പാടുന്ന നാടോടിപാട്ടുകൾ ഭൂമി ദേവിയെ ഉണർത്തുമെന്നും,അതു വഴി നല്ല വിളകൾ കിട്ടുമെന്നും ആസാമിലെ കർഷകർ വിശ്വസിക്കുന്നു.ധോൽ (ഡോൽക്കി,ഡോലക്ക്)എന്ന സംഗീത ഉപകരണമാണ് ഇതിനു ഉപയോഗിക്കുന്നത്.

                                                                                                                           ബങ്കറ
പഞ്ചാബിലെ പരമ്പരാഗതമായ നൃത്തമാണ് ബങ്കറ. ആദ്യകാലത്ത് കൊയ്ത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന ഈ നൃത്തരൂപം പിന്നെ വിവാഹത്തിനും,പുതുവത്സരാഘോഷത്തിനും ഒഴിച്ച്കൂടാനാവാത്ത ഒന്നായി തീർന്നു.പോപ്പ് സംഗീതത്തിന്റെ വരവോടെ ബങ്കറ സംഗീതം ഇൻഡ്യക്ക് വെളിയിലും വ്യാപിച്ചു.RAW യുടെ റെസ്സലിംഗ് വേദിയിൽ ഗ്രേറ്റ് ഖാലി വരുമ്പോൾ പശ്ചാത്തലമായി ഇത് ഇടുമ്പോൾ കാണികൾ ഹർഷാരവത്തോടെ എണീറ്റ് നൃത്തചെയ്യുന്നത് കാണാം.മാഹിയ,ധോല എന്നിവയും പഞ്ചാബിലെ പേരു കേട്ട നാടോടി ഗീതങ്ങളാണ്.


ദാണ്ടിയ
ഗുജറാത്തിലെ,നൃത്തവും ഗാനവും ചേർന്ന നാടോടി സംഗീത രൂപമാണ് ദാണ്ടിയ.പോപ്പ് സംഗീതത്തിലൂടെ ലോക പ്രശസ്തമായ ഈ നൃത്തം  നവരാത്രികാലത്താണ്കൂടുതലായും അവതരിപ്പിക്കുന്നത്.ഗർബ ഗുജറത്തിൽ നിലനിൽക്കുന്ന മറ്റൊരു നാടോടി കലാ രൂപമാണ്.


ലാവണി
മഹാരാഷ്ട്രയിലെ ജനപ്രീയ നൃത്ത സംഗീതരൂപമാണു ലാവണി.പരമ്പരാഗതമായി സ്ത്രീകളാണ് ലാവണി അവതരിപ്പിക്കുന്നത് ദ്രുതതാളത്തിൽ പാട്ടും പാടി ചുവടുവച്ച് ലാവണി അവതരിപ്പിക്കുമ്പോൾ കാഴ്ചക്കാരും അറിയാതെ അതിന്റെ ഭാഗഭാക്കുകളാകുന്നു....


കർണ്ണാടക സംഗീതം,ഹിന്ദുസ്ഥാനി സംഗീതം
ദേശ,ഭാഷ,ജാതി,മത ഭേതങ്ങൾക്കതീതമായി നിലകൊള്ളുന്ന രണ്ട് സംഗീത ശാഖകളാണ് കർണ്ണാടക സംഗീതവും,ഹിന്ദുസ്ഥാനി സംഗീതവും ഇവ.ലോകത്തിന്റെ നെറുകയിൽ സംഗീതത്തിന്റെ മന്ത്രസ്ഥായിയായി നിലകൊള്ളുന്നു. 

സംഗീതം വരമാണ് നന്മയെ തലോലിച്ചുറങ്ങാൻ നമുക്കായി ഈശ്വരൻ തന്ന വരം.. ഈ ദിനത്തിൽ നമുക്ക് സംഗീതത്തെ വാരിപ്പുണരാം. ഉഷസ്സിൽ ഭൂപാളമായും, നിശയിൽ നീലാംബരിയായും...........

No comments:

Post a Comment