Tuesday, December 8, 2015

ഡിസംബർ 10 ഇന്ന് ലോക മനുഷ്യാവകാശ ദിനം

ഡിസംബർ   10      ഇന്ന് ലോക മനുഷ്യാവകാശ ദിനം.            






 മനുഷ്യന്‍റെ അവകാശങ്ങള്‍ക്കായി ഒരു ദിനം. മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുൻപിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ടീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉൾപ്പെടുന്നു. 1948 ഡിസംബര്‍ 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല്‍ എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന്‍ തീരുമാനമെടുത്തു. 
മനുഷ്യാവകാശങ്ങള്‍ എന്താണെന്നു മാത്രമല്ല, മനുഷ്യാവകാശ ലംഘനം എന്താണെന്നുകൂടി പറഞ്ഞുവെച്ചിട്ടുണ്ട്‌. ഒരു വ്യക്തിക്ക്‌ ഏതെങ്കിലും ജാതിയിലോ മതത്തിലോ ജനിച്ചുപോയി എന്ന കാരണത്താല്‍ പൗരാവകാശങ്ങള്‍ നിഷേധിക്കുക, സ്‌ത്രീയേയും പുരുഷനെയും ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ തുല്യരായി കാണാതിരിക്കുക, വര്‍ഗപരവും മതപരവുമായ വ്യത്യസ്‌തതകള്‍ പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്ക്‌ ഇതര പൗരന്മാരെ പോലെയുള്ള തുല്യപരിഗണന ലഭിക്കാതിരിക്കുക, ഒരാളെ വില്‍ക്കുകയോ അടിമയാക്കുകയോ ചെയ്യുക, നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷവിധിക്കുകയും നടപ്പാക്കുകയും ചെയ്യുക. വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക്‌ കടന്നുകയറുക, അഭിപ്രായസ്വാതന്ത്ര്യവും മതവിശ്വാസ സ്വാതന്ത്ര്യവും നിഷേധിക്കുക, യൂണിയനില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള അവകാശം നിഷേധിക്കുക തുടങ്ങയവയൊക്കെയാണ്‌ അവകാശധ്വംസനങ്ങളായി പറഞ്ഞിട്ടുള്ളത്‌. 
ഡിസംബർ  9   : രാജ്യാന്തര അഴിമതി  വിരുദ്ധ ദിനം ,എം. പി അപ്പൻ  ചരമ ദിനം  കൈനിക്കര കുമാരപിള്ള  ചരമ ദിനം 
ഡിസംബർ  8   തോപ്പിൽ ഭാസി ചരമദിനം
മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസം‌വിധായകനുമായിരുന്നു തോപ്പിൽ ഭാസി (1925 – 1992). യഥാർത്ഥനാമം ഭാസ്കരൻ പിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം മലയാള നാടക ചരിത്രത്തിൽ അവിസ്മരണീയമായ ഒന്നാണ്‌.ഒന്നാം കേരളനിയമസഭയിൽ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്.

പഠനകാലത്തു തന്നെ വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായിരുന്നു. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾ നടത്തി. പഠനശേഷം കോൺഗ്രസ്സിൽ അംഗമായി, ഇതോടൊപ്പം കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചു. പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സിൽ നിന്നും അകന്നു, കമ്മ്യൂണിസ്റ്റ്പാർട്ടിയിൽ അംഗമായി. ശൂരനാട് കലാപത്തിന്റെ പേരിൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രസാഹിത്യഅക്കാദമി അവാർഡുകളുൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1992 ഡിസംബർ 8 ന് അന്തരിച്ചു.
ഡിസംബർ 7    രാജ്യാന്തര  പൊതു വ്യോമയാന ദിനം


1996  ലാണ്   ഐക്യരാഷ്ട്ര സഭ  ഈ ദിവസം  രാജ്യാന്തര  പൊതു വ്യോമയാന ദിനമായി ആചരിക്കാൻ തീരുമാനം എടുത്തത് 
ഡിസംബർ  6     അംബേദ്‌കർ സ്മൃതി    ദിനം

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ  (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). ഒരു ബുദ്ധമത നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ. മധ്യപ്രദേശിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേദ്കറിനു സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.

സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി. പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. അങ്ങനെ അംബേദ്കറുടെ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി. 1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 94 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.

പല സാമൂഹിക - സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളിൽ നിന്ന് അംബെദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേദ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.

ഡിസംബർ 5 ലോകം ഇന്ന് മണ്ണ് ദിനമായി ആചരിക്കുന്നു

ഡിസംബർ   5   ലോക മണ്ണ്   ദിനം



ഇന്ന് ലോക മണ്ണ് ദിനം, ഭക്ഷ്യ കാര്‍ഷിക സംഘടന (FAO)യുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും ഈ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നേതൃത്വത്തില്‍ 2002 മുതലാണ് മണ്ണ് ദിനം ആചരിക്കാന്‍ തുടങ്ങിയത്. മണ്ണിനെ ആരോഗ്യത്തോടെ സംരക്ഷിക്കുക എന്നതാണ് ദിനാചരണത്തിന്‍റെ ലക്ഷ്യം.

ഒരു നല്ല ജീവിതത്തിന് പ്രകൃതി സംരക്ഷണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. മണ്ണ് ജീവനുള്ള ഒരു സമൂഹമാണ്. മണ്ണെന്ന ലോകത്ത് മനുഷ്യരുള്‍പ്പെടെ കോടിക്കണക്കിനു ജീവികളാണ് കാണപ്പെടുന്നത്. അമേരിക്കയിലെ വിസ്‌കോന്‌സില്‍ സര്‍വകലാശാലയിലെ ശാസ്ത്രഞ്ജര്‍ ഒരു ടീസ്പൂണ്‍ മണ്ണ് പഠനവിധേയമാക്കിയപ്പോള്‍ 500 കോടിയോളം ബാക്ടീരിയകളെയും രണ്ടു കോടിയോളം ആക്ടിനോമൈസൈറ്റിസുകളെയും പത്തു ലക്ഷത്തോളം പ്രോറ്റൊസോവകളെയും രണ്ടു ലക്ഷത്തോളം ആല്‍ഗകളെയും ഫംഗസ്സുകളെയുമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ വിവേകരഹിതരായ മനുഷ്യരുടെ പ്രവൃത്തികള്‍ മണ്ണെന്ന മാതാവിന്‍റെ മാറുപിളര്‍ന്ന് സ്വയം വിപത്തുകള്‍ ഏറ്റുവാങ്ങുന്ന നിലയിലേക്കെത്തിയിരിക്കുന്നു.

പണം, ലാഭം എന്നീ ഘടകങ്ങള്‍ മാത്രം ലക്ഷ്യമാക്കുന്നവര്‍ ഭൂമിയെ പല വിധത്തില്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത് അവന്‍റെ നിലനില്‍പ്പിനെത്തന്നെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന വസ്തുത സ്വയം തിരിച്ചറിയുന്നില്ല. ഇന്ന് പ്രപഞ്ചത്തോട് കാണിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തുനിയാത്തതിനാലാണ് ഇന്നും നാം നിലനില്‍ക്കുന്നത്. ഒരു തുണ്ട് പ്ലാസ്റ്റിക് മണ്ണിലേക്ക് വലിച്ചെറിയുമ്പോഴോ, ഒരു തുള്ളി കീടനാശിനി മണ്ണില്‍ ഒഴിക്കുമ്പോഴോ ഒരുപിടി മണ്ണ് ഒലിച്ചു പോകുമ്പോഴോ, ഒരു കോടി ജീവനാണ് ഇല്ലാതാകുന്നതെന്ന തിരിച്ചറിവില്‍ വേണം നാം ജീവിക്കേണ്ടത്. വ്യക്തി, സമൂഹം, ഭരണകൂടം എന്നിങ്ങനെയുള്ള വേര്‍തിരിവ് അതിലുണ്ടാകരുത്. ഓരോ വിഭാഗവും അവരുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുമ്പോള്‍ ഭൂമിയുടെ നിലനില്‍പ്പ് തന്നെ അപകടകരമായ അവസ്ഥയിലേക്ക് ചെന്നെത്തുന്നു. പ്രപഞ്ചത്തില്‍ ഭൂമി, ജലം, വായു എന്നീ മൂന്ന് മണ്ഡലങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇതില്‍ ഒന്നിന്റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടിയാല്‍ പ്രകൃതിക്ക് കാര്യമായ മാറ്റങ്ങള്‍ സംഭവിക്കും. അതിനാല്‍ അനുദിനം നാശത്തിലേക്ക് നീങ്ങുന്ന ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്.


അതിനാല്‍തന്നെ എല്ലാ രാജ്യങ്ങളുടെയും ഭരണഘടനയിലും ഉടമ്പടികളിലും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് കാര്യമായി വിശദീകരിക്കുന്നുണ്ട്. മണ്ണും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം അതില്‍ വ്യക്തമാണ്. ആധുനിക ലോകത്ത് പരിഷ്‌കാരത്തിന്റെയും വികസനത്തിന്റെയും വഴിയില്‍ പ്രകൃതി സംരക്ഷണമെന്നത് ഒരു മിത്തായി മാറി. കുഴിച്ചും മണ്ണെടുത്തും ഇഷ്ടിക ചുട്ടും മാലിന്യം നിക്ഷേപിച്ചും രൂപാന്തരം വരുത്തിയും പാറപൊട്ടിച്ചും രാസമാലിന്യം തളിച്ചും കുന്നിടിച്ചും സ്‌ഫോടനങ്ങള്‍ നടത്തിയും ലോകമെമ്പാടും ഭൂമി നേരിടുന്ന ഇത്തരം നാശങ്ങള്‍ ചെറുക്കുവാനുള്ള സമയമായി. ഭൂമിയോളം ഭൂമി ക്ഷമിച്ചു. തിരിച്ചടിച്ചു തുടങ്ങിയതിന്‍റെ ലക്ഷണങ്ങള്‍ ഭൂമി കുലുക്കമായും സുനാമിയായും കൊടുങ്കാറ്റായും കടല്‍ക്ഷോഭമായും വരള്‍ച്ചയായും, പേമാരിയായുമൊക്കെ പലയിടങ്ങളിലും കണ്ടു തുടങ്ങി. ഈ സാഹചര്യത്തിലാണ് നാം ഇന്ന് ലോകമണ്ണ് ദിനമായി ആചരിക്കപ്പെടുന്നത്.

ഭൂമിയെ ഈ നാശത്തില്‍ നിന്നും കരകയറ്റുവാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയെന്നതാണ് ദിനാചരണത്തിലൂടെ ഐക്യരാഷ്ട്ര സംഘടന ലക്ഷ്യമിടുന്നത്. സര്‍വ്വനാശം നേരിടുന്ന ഈ കാലഘട്ടത്തില്‍ ഭൂമി ദിനം ആചരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഒരു ദിവസത്തെ ആചരണം കൊണ്ട് എല്ലാം നേരെയാക്കാനാകില്ലെങ്കിലും നമ്മുടെ ഭൂമി നേരിടുന്ന ദുരന്തങ്ങളെക്കുറിച്ച് ഓര്‍ക്കുവാനും ഭൂമിയില്ലെങ്കില്‍ മനുഷ്യന്‍റെ ഇടം നഷ്ടപ്പടും എന്ന ചിന്ത വളര്‍ത്തുവാനും ഭൂമിയെ രക്ഷിക്കുവാനുള്ള നടപടി ആരംഭിക്കാനും കഴിഞ്ഞാല്‍ ഭൂമി ദിനം ആചരിക്കുന്നതിന് അര്‍ത്ഥമുണ്ടാകും.

Wednesday, December 2, 2015


ഡിസംബർ 4        നാവികസേന ദിനം 


ഭാരതീയ നാവിക സേനയുടെ നാല്‍പ്പത്തിമൂന്നാമത് വാര്‍ഷികാഘോഷ ദിനമാണ് ഇന്ന്. ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധ വേളയില്‍ 1971 ഡിസംബര്‍ നാലിന് കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ നാവിക സേന നടത്തിയ ശക്തമായ ആക്രമണത്തിന്‍റെ ഓര്‍മ്മ പുതുക്കലാണ് നാവിക സേനാ ദിനമായി  ആചരിക്കുന്നത്

ഭാരതത്തിന്‍റെ യശസ്സ് മറ്റു വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം ഉയര്‍ത്തി നിര്‍ത്തുന്നതില്‍ ഭാരതീയ നാവിക സേനയുടെ പങ്ക് പ്രശംസാർഹമാണ്. 5000 വര്‍ഷം മുന്‍പ്, സിന്ധുനദീതട സംസ്കാരം മുതലുള്ള ഒരു പാരമ്പര്യമാണ് ഇന്ത്യന്‍ നാവിക സേനയ്ക്കുള്ളത്. ബാബിലോണിയന്‍ കാലഘട്ടത്തിലും പുരാതന ഈജിപ്തുമായും ഇന്ത്യ സമുദ്രമാർഗ്ഗം വ്യാപാരം നടത്തിയിരുന്നു എന്നതും ഇതിനു തെളിവാണ്. കൂടാതെ ലോകത്തെ ആദ്യത്തെ ടൈഡൽ തുറമുഖം ഭാരതത്തിലെ ലോഥലില്‍ ആയിരുന്നതായി ഗവേഷകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ആധുനിക ഇന്ത്യൻ നാവികസേനയുടെ ഉത്ഭവം 1612-ൽ സൂററ്റിൽ രൂപം കൊണ്ട റോയൽ ഇന്ത്യൻ നേവിയിൽ നിന്നുമായിരുന്നു. ഇന്ത്യൻ തീരങ്ങളിലൂടെ ഈസ്റ്റ് ഇന്ത്യ കമ്പനി നടത്തിയ കപ്പൽ ഗതാഗതങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കിയായിരുന്നു അന്ന് സൂററ്റില്‍ റോയൽ ഇന്ത്യൻ നേവി രൂപപ്പെട്ടത്. പിന്നീട് 1892-ൽ റോയൽ ഇന്ത്യൻ മറൈൻ എന്ന പേരിൽ അറിയപ്പെട്ട നാവിക സേന 1934ൽ ബ്രിട്ടനിലെ റോയൽ നേവിയുടെ മാതൃകയിൽ ദി റോയൽ ഇന്ത്യൻ നേവി ആയി രൂപാന്തരപ്പെട്ടു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ നാവികസേന ഇന്ത്യൻ നേവി എന്ന പേര് സ്വീകരിച്ചു. എന്നാല്‍ പാക്കിസ്ഥാന്‍ വിഭജിക്കപ്പെട്ടതോടെ റോയൽ ഇന്ത്യൻ നേവിയുടെ മൂന്നിൽ ഒരുഭാഗവും പ്രധാനപ്പെട്ട പല നാവിക പരിശീലനകേന്ദ്രങ്ങളും പാക്കിസ്ഥാന്‍ സ്വന്തമാക്കി.


സ്വാതന്ത്ര്യം ലഭിച്ചതോടെ സേനയുടെ വളര്‍ച്ചയും ദ്രുതഗതിയിലായി. നിശ്ചിത പരിധിയില്‍ പ്രാദേശിക സുരക്ഷിതത്വം എന്ന ലക്ഷ്യത്തില്‍ മാത്രം നിലകൊണ്ടിരുന്ന സേനയിലേയ്ക്ക് സമുദ്രാന്തര സുരക്ഷിതത്വത്തിന്‍റെ ചുമതലകൾ കൂടി വന്നു ചേര്‍ന്നു. ഇന്ത്യൻ സമുദ്രതിരങ്ങളുടെയും അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചിതറിക്കിടക്കുന്ന അനേകം ഇന്ത്യൻ ദ്വീപുകളുടെ പ്രതിരോധം, സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുന്ന ചരക്കുകപ്പലുകൾക്കു വേണ്ട സഹായമെത്തിക്കൽ, സുരക്ഷിതമായ കപ്പൽ ഗതാഗതത്തിനായുള്ള കപ്പൽച്ചാലുകളുടെ ചാർട്ടുണ്ടാക്കൽ, ചാലുകൾ തെറ്റുന്ന കപ്പലുകളെ രക്ഷപ്പെടുത്തല്‍, മത്സ്യബന്ധന ബോട്ടുകളുടെയും കപ്പലുകളുടെയും സുരക്ഷിതത്വം തുടങ്ങിയ ചുമതലകൾ ഇന്ത്യൻ നേവി ഇന്ന്.


ഡിസംബർ 3     ധ്യാൻ ചന്ദ്  ചരമ ദിനം

ഇന്ത്യയ്ക്ക്‌ തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന്‌ അലഹാബാദിൽ ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്‌. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്‌.
ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഹിറ്റ്ലർ നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത്‌ നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.