Monday, October 27, 2014

വയലാർ അനുസ്മരണം

വയലാർ അനുസ്മരണം :  ഇന്ന്   വയലാർ രാമവർമയുടെ    മുപ്പത്തിഒൻപതാമത്തെ  ചരമവാർഷികം 
വയലാര്‍ രാമവര്‍മ്മ - അകാലത്തില്‍ പൊലിഞ്ഞ് പോയ കവി, ഗാന രചയിതാവ്. കേരളീയന്‍റെ ഗാനാഭിരുചികളെ മെരുക്കിയെടുക്കുകയും പോഷിപ്പിക്കുകയും ചെയ്ത എഴുത്തുകാരില്‍ പ്രമുഖനാണ് അദ്ദേഹം. കാവ്യകല്പനയുടെ മാന്ത്രികത്തേരിലേറ്റി മലയാളികളെ ഗാനവിഹായസിലൂടെ വിസ്മയക്കാഴ്ചകള്‍ കാണിച്ച വയലാര്‍ രാമവര്‍മ്മ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 2014 -ല്‍ മുപ്പത്തിഒൻപത്  വര്‍ഷം ആവുകയാണ്. 

നാല്‍‌പ്പത്തിയേഴ് വര്‍ഷമേ അദ്ദേഹത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. വെള്ളാരപ്പള്ളി കേരള വര്‍മ്മയുടെയും, വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടിയുടേയും മകനായി 1928 മാര്‍ച്ച്‌ 25ന്‌ ആയിരുന്നു വയലാറിന്റെ ജനനം. ചെങ്ങണ്ട പുത്തന്‍ കോവിലകത്ത്‌ ചന്ദ്രമതി തമ്പുരാട്ടിയാണ്‌ ആദ്യഭാര്യ. ഈ ബന്ധത്തില്‍ സന്തതികളില്ലാത്തതിനാല്‍ അതേ കോവിലകത്തെ ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. വയലാര്‍ ശരത്ചന്ദ്രന്‍, ഇന്ദുലേഖ, യമുന, സിന്ധു എന്നിവരാണ് മക്കള്‍. 1975 ഒക്ടോബര്‍ 27-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു.

വയലാറിനെ അനശ്വരനാക്കുന്നത് അദ്ദേഹത്തിന്റെ സിനിമാ-നാടകഗാനങ്ങളാണ്. കവി എന്നതിലുപരി, സിനിമാ പിന്നണി ഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്‌. കവിതയില്‍ നിന്ന് വയലാര്‍ രാമവര്‍മ്മ സിനിമാഗാനരചനയില്‍ എത്തിയത് മലയാളത്തിന്‍റെ ഭാഗ്യം . മലയാള ചലച്ചിത്ര ഗാനങ്ങള്‍ കവിതപോലെ മനോഹരമായി മാറി. 

ഗ്രാമ്യമായും പ്രൗഢമനോഹരമായും ആധ്യാത്മികമായും ഉള്ള വിഭിന്ന ശൈലികളില്‍ ഗാനങ്ങളെഴുതാനുള്ള കൃതഹസ്തതയാണ് അദ്ദേഹത്തെ ജനകീയനാക്കുന്നത്. കല്പനയുടെ ഔചിത്യം, ചാരുത, പ്രമേയവുമായി വയലാറിന്റെ ഗാനങ്ങള്‍ക്ക് ഇഴുകിച്ചേരാന്‍ സാധിച്ചു എന്ന സത്യം ഇവയൊക്കെ ആ ഗാനങ്ങളുടെ വിജയത്തിന് കാരണമായ ചില ഘടകങ്ങളാണ്. കവിതയിലെ കാല്പനിക സൗന്ദര്യത്തിന്റെ അമൃതവര്‍ഷമായിരുന്നു ആ ഗാനപ്രപഞ്ചം.

വേദങ്ങള്‍, ഇതിഹാസങ്ങള്‍, ഉപനിഷത്തുക്കള്‍ എന്നിവയില്‍ വയലാറിന് അപാരമായ ജ്ഞാനമുണ്ടായിരുന്നു. അതേസമയം ബൈബിള്‍ അരച്ച് കലക്കിക്കുടിച്ചിരുന്നത് കൊണ്ട് ഏറ്റവും നല്ല ക്രിസ്‌തീയ ഭക്തിഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്‌. വയലാറിനെ ഏറ്റവും അധകം സ്വാധീനിച്ചിട്ടുള്ള സംസ്കൃത കവി കാളിദാസനാണ്. മലയാള കവിയാകട്ടെ ആശാനും. മില്‍ട്ടനും കീറ്റ്‌സുമാണ് അദ്ദേഹത്തെ സ്വാധീനിച്ച  ഇംഗ്ളിഷ്  കവികള്‍. ശങ്കരനും ബുദ്ധനും ഗാന്ധിയും മാര്‍ക്‌സും ഒക്കെ അദ്ദേഹത്തെ സ്വാധീനിച്ചുണ്ട്.

വയലാറിന്റെ സൃഷ്ടികൾ


വയലാർ രാമവർമ്മയുടെ കൈയ്യക്ഷരം

ചേർത്തലയിലുള്ള വയലാർ രാമവർമ്മ സ്മൃതി മണ്ഡപം

No comments:

Post a Comment