Tuesday, January 13, 2015

ജനുവരി  12 : ദേശീയ യുവജന ദിനം

ഭാരതത്തിലെ എന്റെ ചുണക്കുട്ടികളേ, നിങ്ങള്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പിറന്നവരാണെന്ന വിശ്വാസം വേണം. നായ്ക്കുട്ടികളുടെ കുര കേട്ട് ഭയപ്പെടരുത് ഇടിത്തീവീണാല്‍ പോലും ഭയപ്പെടരുത് . എഴുന്നേല്ക്കൂ!!! പ്രവര്‍ത്തിക്കൂ .സ്വാമി വിവേകാനന്ദന്‍.
നവ ഭാരതത്തിന്‍റെ ആത്മീയാചാര്യന്‍ ,നവോത്ഥാനനായകന്‍,വിശ്വ മാനവികതയുടെ ആള്‍രൂപം  ,ഭാരതീയ സംസ്കാരം ലോകത്തെ പഠിപ്പിച്ച ആത്മീയ ഗുരു  .ഭാരതീയ യുവത്വത്തിനു ഇതിനേക്കാള്‍ വലിയൊരു പ്രതിനിധിയെ ചൂണ്ടിക്കാണിക്കാനില്ല.  സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം കൊണ്ടാടുന്നു. 1984 ലാണ് ഈ ദിവസം ദേശീയ യുവജനദിനമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സമൂഹത്തിന്റ് ഊര്ജ്ജമായ യുവാക്കളുടെ ദിനമാണിന്ന്.ലോകത്തിന്റെ തന്നെ ജീവാത്മാവാണ് യുവാക്കള്‍ . രാജ്യത്തിന്‍റെ ഭരണ തലങ്ങളിലും രാഷ്ടീയ വികസന പ്രവര്‍ത്തനങ്ങളിലും യുവാക്കളുടെ പങ്ക് അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് ഈ ദിനാചരണത്തിന്റെ പിന്നില്‍ .

ആധുനിക ഭാരതത്തിന്‍റെ മനസ്സിനെ കഴിഞ്ഞ,  ഒരു നൂറ്റാണ്ടിലേറെയായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രചോദകന്‍ ആര് എന്ന ചോദ്യത്തിന് മറ്റൊരു ഉത്തരം ഉണ്ടാവാനിടയില്ല. ഭാരതത്തില്‍ ജനിച്ച് ലോകത്തിനാകെ മാതൃകയായി നാല്പതു വയസ്സ് പോലും തികക്കാതെ ,ആ മനുഷ്യസ്നേഹി  കടന്നുപോയി. ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായ ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യമെന്ന് ആഹ്വാനം ചെയ്ത കര്‍മ യോഗി . യുവാക്കളെ മാറ്റത്തിന്റെ വാഹകരായി കണ്ടുകൊണ്ടാണ്‌ സ്വാമിജി എക്കാലവും സംസാരിച്ചത്‌ തനിക്കു ശേഷം കടന്നു വരാനിരിക്കുന്ന അനേകം തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്നു നല്‍കിയിട്ടാണ് അദ്ദേഹം മടങ്ങിയത്.
വിവേകാനന്ദ സ്വാമിയുടെ തത്വങ്ങളും ആശയങ്ങളും ഇന്ത്യന്‍ യുവത്വത്തിന് പ്രചോദനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വാമിജിയുടെ ജന്മദിനം യുവജനദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ എല്ലായിടത്തും ദേശീയ യുവജനം കൊണ്ടാ‍ടുന്നുണ്ട്. സ്കൂളുകളിലും കലാലയങ്ങളിലും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു.

നാടിന്റെ സംസ്കാരവും ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കളും പരസ്പര പൂരകങ്ങളാണെന്നിരിക്കെ, ഇന്ത്യന്‍,യുവത്വത്തിന് ആവേശം പകരാന്‍ സ്വാമി വിവേകാനന്ദന്റെ  152-)0 ജയന്തി യ്ക്ക് കഴിയട്ടെ അസാന്മാര്‍ഗിക പാത തിരഞ്ഞെടുക്കുന്നവര്‍ക്കും അക്രമ വാസനകള്‍ക്ക്  പിന്നാലെ പോകുന്നവര്‍ക്കും വിവേകാനന്ദ ദർശനങ്ങൾ തിരിച്ചറിവുണ്ടാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം .. 

No comments:

Post a Comment