Tuesday, September 30, 2014

ഒക്ടോബർ 1---ലോക വയോജനദിനം


ഒക്ടോബർ 1
ഒരു മനുഷ്യായുസ് മുഴുവന്‍ നമുക്കായി ചെലവഴിച്ച ഒരുപറ്റം ജീവിതങ്ങളെ ഓര്‍മപ്പെടുത്താന്‍ ഒരുദിനം കൂടി; ഇന്ന് ലോക വയോജന ദിനം. 'നമ്മുടെ നാളെ-വയോധികര്‍ പറയുന്നത്' എന്നതാണ് ഇക്കൊല്ലത്തെ വിഷയം. മുതിര്‍ന്ന പൗരന്‍മാരുടെ അധ്വാനങ്ങളിലേക്ക് യുവതയുടെ ശ്രദ്ധ ക്ഷണിക്കുന്നവയാണ് ഈ വാചകങ്ങള്‍.
അച്ഛനമ്മമാരെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാന്‍ നിയമം (2007) കൊണ്ടുവന്ന നാടാണ് നമ്മുടേത്. എന്നിട്ടും, മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല.

പ്രായമായ മാതാപിതാക്കളെ വഴിയോരങ്ങളില്‍ തള്ളാന്‍ മടിക്കാത്ത, അവര്‍ക്കായി നാടുനീളെ വൃദ്ധസദനങ്ങള്‍ നിര്‍മിക്കുന്ന മലയാളിയുടെ കാപട്യത്തിനുനേരേ പിടിക്കുന്ന കണ്ണാടിയാകണം വയോജനദിനാചരണങ്ങള്‍. നിര്‍ഭാഗ്യവശാല്‍, പ്രസംഗങ്ങളിലും സെമിനാറുകളിലുമായി നമ്മുടെ വയോജനദിനം ഒതുങ്ങിപ്പോകുന്നു.

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്താകമാനം 60 വയസ്സിനുമേല്‍ പ്രായമുള്ള ഏകദേശം 60 കോടി ആളുകളാണുള്ളത്. 2025-ല്‍ ഇത് ഇരട്ടിയാകും. 2050-ല്‍ ലോകത്താകെ 200 കോടി വയോജനങ്ങളുണ്ടാകും. വികസ്വര രാജ്യങ്ങളായിരിക്കും എണ്ണത്തില്‍ മുമ്പില്‍ എന്നും കണക്കുകള്‍ പറയുന്നു. വരും കാലങ്ങളില്‍ വയോജനസംരക്ഷണത്തിന് നല്‍കേണ്ട പ്രാധാന്യം എത്രത്തോളമെന്ന് ഈ കണക്കുകളില്‍നിന്ന് മനസ്സിലാക്കാം.

ഈ സാഹചര്യത്തില്‍ പ്രായമായവര്‍ക്ക് സുപ്രധാനമായ ഒട്ടേറെ കടമകള്‍ സമൂഹത്തില്‍ നിര്‍വഹിക്കാനുണ്ട്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, ആര്‍ജിതാനുഭവങ്ങളും അറിവും വരുംതലമുറയ്ക്ക് കൈമാറല്‍ തുടങ്ങിയവ ഇതില്‍പ്പെടും. ബാല്യത്തിലേക്കുള്ള തിരിച്ചുപോക്കാണ് യഥാര്‍ഥത്തില്‍ വാര്‍ധക്യം. പിടിവാശികളേറെയുള്ള ഈ മടക്കയാത്രയില്‍ കരുതലും സാന്ത്വനവും പരിഗണനയുമെല്ലാമാണ് അവര്‍ ആഗ്രഹിക്കുന്നത്. ആഘോഷങ്ങള്‍ക്കുമപ്പുറം സ്‌നേഹപൂര്‍ണമായ ഒരു തലോടല്‍, ഒരു പുഞ്ചിരി, വാത്സല്യം കിനിയുന്ന ഒരു അന്വേഷണം ഇന്ന് അവര്‍ക്ക് നല്‍കിയോ എന്ന് ഓരോ ദിവസവും നാം ചിന്തിക്കണം.

ആഘോഷങ്ങള്‍ക്കൊടുവില്‍ മറവിയിലേക്ക് തള്ളിയിടാനുള്ളതാകരുത് വയോജനങ്ങള്‍. കടന്നുപോകുന്ന ഓരോ നിമിഷവും വാര്‍ധക്യത്തിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണെന്ന ബോധ്യം മനസ്സിലുറപ്പിച്ചാല്‍, കൊഴിഞ്ഞുവീണ പഴുത്തിലകളെ നോക്കി ചിരിക്കുന്ന പച്ചിലകളാകാന്‍ നമുക്കാവില്ല.

No comments:

Post a Comment